രാജ്ഗഡ്: കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരിയെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഭോപ്പാലിലെ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. മഹി എന്ന നാലു വയസ്സുകാരിയെ ജീവനോടെയാണ് കുഴല്‍കിണറില്‍ നിന്നെടുത്തത്. എന്നാല്‍ പിന്നീട് പുലര്‍ച്ചയോട് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വയലിലെ തുറന്ന കുഴല്‍ക്കിണറില്‍ വീണ മഹിയെ വിദഗ്ധ സംഘം 25 അടിയോളം താഴ്ചയില്‍ സമാന്തരമായി കുഴിയെടുത്താണ് രക്ഷപ്പെടുത്തിയത്. 22 അടി താഴ്ചയില്‍ കുടുങ്ങിയ അവളെ രണ്ട് കുഴികളും ബന്ധിപ്പിച്ച ശേഷം വിദഗ്ധര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചതായി രാജ്ഗഡ് പോലീസ് സൂപ്രണ്ട് ധര്‍മ്മരാജ് മീണ പറഞ്ഞു. ബോഡ പോലീസ് സ്റ്റേഷന് പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം.