മൈസൂരു: സന്ദര്‍ശക ഗാലറിയില്‍ നിന്ന് ലോക്സഭാ ചേമ്പറിലേക്ക് ചാടിയ രണ്ടുപേരില്‍ ഒരാളായ മനോരഞ്ജന്‍ ഡി ഒരു സോഷ്യല്‍ മീഡിയ പേജായ ‘ഭഗത് സിംഗ് ഫാന്‍ ക്ലബുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പോലീസ്.
പാര്‍ലമെന്റ് സുരക്ഷാ ലംഘനം നടന്നതിന് തൊട്ടുപിന്നാലെ, മൈസൂര്‍ പോലീസ് നടപടിയെടുക്കുകയും ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് ബിരുദധാരിയുടെ പശ്ചാത്തലം കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തില്‍ ഇയാള്‍ക്ക് ഭഗത് സിംഗ് ഫാന്‍സ് ക്ലബ്ബുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് ഒരു ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിട്ടില്ല. അയാള്‍ വളരെ ശാന്തനായ വ്യക്തിയാണ്. എന്നാല്‍ അവന് വായിച്ച പുസ്തകങ്ങള്‍ നോക്കുമ്പോള്‍ അയാള്‍ ഒരു വിപ്ലവകാരി ആണെന്ന് തോന്നുന്നുവെന്ന് പോലീസ് പറഞ്ഞു.
മൈസൂര്‍-കുടക് എംപി പ്രതാപ് സിംഹയില്‍ നിന്നാണ് മനോരഞ്ജന്‍ പാര്‍ലമെന്റില്‍ പ്രവേശിക്കാനുള്ള പാസ് വാങ്ങിയത്. മകന്റെ പ്രവൃത്തി അപലപനീയമാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അവനെ നിരാകരിക്കുമെന്നും കര്‍ഷകനായ പിതാവ് ദേവരാജെ ഗൗഡ പറഞ്ഞു. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ എന്റെ മകനെ തൂക്കിക്കൊല്ലൂ എന്നും അദ്ദേഹം പറഞ്ഞു.