ദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്
ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്സഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരന്, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഇതോടെ സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഇത് ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ സസ്പെന്ഷനുകള് അടയാളപ്പെടുത്തി.
ലോക്സഭയിലും രാജ്യസഭയിലുമായി സസ്പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭ അധ്യക്ഷന്മാര് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെമാണ് ബിജെപി വാദം. മാറ്റം വരുത്തിയ ശേഷമുള്ള ക്രിമിനല്‍,നിയമ ബില്ലുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അവതരിപ്പിക്കപ്പെട്ടിട്ടില്ല.
ലോക്സഭയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. പോസ്റ്റര്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും കനത്ത പ്രതിഷേധം ഇന്നുണ്ടായി.