തിരുവനന്തപുരം: കാട്ടാക്കടയില്‍ നവകേരള ബസിനു മുന്നിലേക്ക് ചാടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
റോഡ് സൈഡിലെ കടയില്‍ ഒളിച്ചിരുന്ന 25 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടി പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് പോലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് അരുവിക്കരയിലേക്ക് പോകുന്ന വഴിയാണ് സംഭവം.
നവകേരള സദസ് സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ വലിയ സംഘര്‍ഷമാണ് തലസ്ഥാനത്ത് അറങ്ങേറുന്നത്. ഇന്നലെ ആറ്റിങ്ങലില്‍ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുടര്‍ച്ചയായി ആക്രമമങ്ങളുണ്ടായി. സെക്രട്ടേറിയറ്റിലും ഡിജിപി ഓഫീസിലേക്കും നടന്ന മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമാണുണ്ടായത്. നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അക്രമം ശക്തമായപ്പോള്‍ പോലീസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ മുളകുപൊടി കൊണ്ടും ചെരിപ്പ് കൊണ്ടും പോലീസിനെ എറിഞ്ഞപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് സമരം നടത്തുകയായിരുന്നു.