മംഗളൂരു: ഉഡുപ്പി ജില്ലയിലെ മാല്‍പെ തീരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ഡിസംബര്‍ 12 നാണ് രാത്രി മാല്‍പെ തുറമുഖത്ത് നിന്ന് ശ്രീ നാരായണ എന്ന ബോട്ട് കടലിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് എന്തോ വലിയ വസ്തുവില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോട്ടിന്റെ അടിത്തട്ട് പൊട്ടി ബോട്ടിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയപ്പോള്‍ അത് മറിയുകയായിരുന്നു.
സമീപത്തെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് ബോട്ടുകള്‍ക്ക് ഉടന്‍ തന്നെ ജീവനക്കാര്‍ അടിയന്തര സഹായ സന്ദേശം അയച്ചു. തുടര്‍ന്ന് മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ പിന്നീട് സുരക്ഷിതമായി കരയിലെത്തിച്ചതായി പോലീസ് അറിയിച്ചു.