ഇരിട്ടി: കണ്ണൂര്‍ ജില്ലയുട മലയോര മേഖലയായ അയ്യന്‍കുന്ന് പഞ്ചായത്തിലെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് സംഘം പദ്ധതി പ്രദേശത്ത പരിശോധന നടത്തി.
കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ് പി എം. ഹേമലത, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പദ്ധതി പ്രദേശത്ത് പരിശോധനക്കെത്തിയത്.
ബാരാപോളിന് ഭിഷണിയുണ്ടെന്ന വിവരം വായനാട്ടില്‍ നിന്നും നേരത്തെ പിടിയിലായ മാവോയിസ്റ്റ് സംഘങ്ങളില്‍ നിന്നാണ് പോലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ഉന്നത തല പൊലീസ് സംഘം മാസങ്ങള്‍ക്ക് മുമ്പ് മേഖലയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു. പദ്ധതി പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രഞ്ച് സംഘവും പ്രദ്ധതി പ്രദേശത്ത് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. കൂടാതെ പല ഭാഗത്തായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.