കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹന്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 28 വർഷം തടവ്. 1,70,000 രൂപ പിഴയും കോടതി വിധിച്ചു. 0 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഈ വാദം അംഗീകരിച്ചില്ല. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്.
കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തി.കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയിൽ സമർപ്പിച്ചത്. സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അപ്പാർട്ട്മെന്റിലെ താമസക്കാർ എന്നിവരടക്കം 300-ഓളം സാക്ഷികൾ കേസിലുണ്ടായിരുന്നു.
2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന് സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയില്‍ ഉപേക്ഷിച്ചത്. ആലപ്പുഴയിലെ അമ്മാവന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മകളെയും കൊണ്ടു പോയത്. തുടര്‍ന്ന് എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. കട ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രം.
കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലായിരുന്നു. ഇതിനിടെയാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.