ആരാധകർക്ക് ആവേശം പകർന്ന് മലൈക്കോട്ടൈ വാലിബനിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി.
‘മാനം കൊടുക്കുമ്പോ തുടിച്ച് തുള്ളണ റാക്ക്….’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രശാന്ത് പിള്ള സംഗീതം നൽകിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് മോഹൻലാൽ ആണെന്ന പ്രത്യേകതയും ഉണ്ട്. പി എസ് റഫീക്കിന്റേതാണ് വരികൾ. 2024 ജനുവരി 25 നാണ് ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്.
‘വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്. വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങൾ പിറന്നുവീണ ഒരു സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും വച്ചുകൊണ്ട് ചില ഗാനങ്ങളോട് നമുക്ക് ഒരു പ്രത്യേകത തോന്നും, അങ്ങനെ ഒരു ഗാനമാണ് റാക്ക് പാട്ട്’ എന്നാണ് വരികൾ എഴുതിയ റഫീക്ക് പാട്ടിനെത്തുറിച്ച് പറഞ്ഞത്.
ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ, ഏറ്റവും വലിയ ചിത്രമാണ് മലെെക്കോട്ടെ വാലിബൻ. രാജസ്ഥാൻ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരമാണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.