ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024 ന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍. ജനുവരി 10 മുതല്‍ 12 വരെ നടക്കുന്ന ഈ ഉച്ചകോടിയുടെ വിഷയം വൈബ്രന്റ് ഗുജറാത്തിന്റെ വിജയത്തിന്റെ ഒരു ദശാബ്ദത്തെ അടയാളപ്പെടുത്തുന്ന ‘ഭാവിയിലേക്കുള്ള ഗേറ്റ്വേ’ എന്നതാണ്.
ഉച്ചകോടിയില്‍ മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഗള്‍ഫ് രാഷ്ട്രവുമായുള്ള ഇടപഴകലുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരികയാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഇരു രാജ്യങ്ങളും അടുത്തുവരുന്നതിനാല്‍ 2024 ല്‍ ഇന്ത്യയും യുഎഇയും ബന്ധത്തിന് പുതിയ ഉയരങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.
ഇന്ന് വൈകിട്ട് അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിക്കും. പിന്നീട് ഇരുവരും ചേര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം റോഡ് ഷോയായി നീങ്ങും.