Newsperseconds.com

ഗോവയിലെ ഹോട്ടലില്‍ 4 വയസ്സുള്ള മകനെ സ്റ്റാര്‍ട്ടപ്പ് സിഇഒ കൊലപ്പെടുത്തി; മൃതദേഹവുമായി ബെംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനിടെ പോലീസ് പിടികൂടി

Capture

നാല് വയസ്സുള്ള മകനെ ഗോവയിലെ ഹോട്ടലില്‍ വെച്ച് കൊന്ന യുവതി അറസ്റ്റില്‍. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എഐ സ്റ്റാര്‍ട്ടപ്പിന്റെ സിഇഒ ആയ യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തി ബാഗില്‍ നിറച്ച ശേഷം ടാക്‌സിയില്‍ രക്ഷപ്പെടുന്നതിനിടെ പോലീസിന്റെ പിടിയിലായത്. ചിത്രദുര്‍ഗയില്‍ നിന്നാണ് 39കാരിയായ സുചന സേത്തിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

സേട്ട് ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത ശേഷം മുറി വൃത്തിയാക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരന്‍ ഷീറ്റുകളില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുറ്റകൃത്യം പുറത്തറിയുന്നത്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് സേത്ത് മകനെ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയ ശേഷം തനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങാന്‍ ടാക്സി ഏര്‍പ്പാടാക്കാന്‍ ഹോട്ടല്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവതി ഒറ്റയ്ക്ക് ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തതായിട്ടാണ് കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതിയായ യുവതി ഭര്‍ത്താവുമായി അകല്‍ച്ചയിലാണെന്ന് മൊഴി നല്‍കി. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. മകനെ സൗത്ത് ഗോവയിലെ ഒരു ബന്ധുവിന്റെ അടുത്ത് ഏല്‍പ്പിച്ചതായിട്ടായിരുന്നു ആദ്യം മൊഴി നല്‍കിയത്.

Share this Article

Leave a Comment