2022-23 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31 പാലിക്കാത്തവര്‍ ഡിസംബര്‍ 31നകം പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. വൈകിയ റിട്ടേണ്‍/ പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന അവസരമാണിതെന്നും ആദായനികുതി വകുപ്പ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
‘നികുതിദായകരുടെ ശ്രദ്ധയ്ക്ക്, 2023- 2024 അസസ്മെന്റ് വര്‍ഷത്തെ belated/revised റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന അവസരമാണ് ഡിസംബര്‍ 31 വരെ. ഉടന്‍ തന്നെ നിശ്ചിത തീയതിക്ക് മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യുക’- എന്നാണ് കുറിപ്പില്‍ പറയുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്ത പക്ഷം ക്യാരി ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം. സെക്ഷന്‍ 234 എ പ്രകാരമുള്ള പലിശയും സെക്ഷന്‍ 234 എഫിന് കീഴിലുള്ള ഫീസും ഇളവുകള്‍ക്കും കിഴിവുകള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയില്ല.
ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പിഴ ഈടാക്കി വരുന്നുണ്ട്. അഞ്ചുലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപയാണ് പിഴ ഈടാക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ പിഴ 5000 രൂപയുമാണ് പിഴ ഒടുക്കേണ്ടത്.