കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന 16ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച മത്സരവിഭാഗം ചിത്രങ്ങള്‍ പ്രദര്‍ശനം ആരംഭിക്കും. ലോങ്ങ് ഡോക്യുമെന്ററി മത്സര വിഭാഗത്തില്‍ നിഷിത ജെയിന്‍-ആകാശ് ബസുമറ്റാരി ചിത്രം ‘ഫാര്‍മിംഗ് ദി റെവല്യൂഷന്‍’, മേഘനാഥ് ഭട്ടാചാര്‍ജി ചിത്രം ‘ഇന്‍ സെര്‍ച്ച് ഓഫ് അജന്‍ത്രിക്’ എന്നിവ മത്സരിക്കും.
ക്യാമ്പസ് വിഭാഗത്തില്‍ മൂന്നും ചിത്രങ്ങള്‍, ഷോര്‍ട്ട് ഡോക്യുമെന്ററി മത്സരത്തില്‍ നാലും, ഷോര്‍ട്ട് ഫിക്ഷന്‍ മത്സര വിഭാഗത്തില്‍ പത്തും ചിത്രങ്ങള്‍ നാളെ പ്രദര്‍ശിപ്പിക്കും. ഇന്റര്‍നാഷണല്‍ നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ദീപ മെഹ്താ ചിത്രം ‘ഐ ആം സീറേറ്റ് ‘, വിഖ്യാത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ആഖ്യാനത്തിലെത്തുന്ന ഡേവിഡ് ഹിന്റണ്‍ ചിത്രം ‘മെയ്ഡ് ഇന്‍ ഇംഗ്ലണ്ട് : ദി ഫിലിംസ് ഓഫ് പോവല്‍ ആന്‍ഡ് പ്രസ്ബര്‍ഗര്‍’ എന്നിവ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാക്കള്‍ ബേഡി ബ്രെദേഴ്‌സിന്റെ ‘ചെയ്‌സിങ് ഷാഡോസ് പാര്‍ട്ട് വണ്‍ ആന്‍ഡ് ടു’, ലിവ് ഉള്‍മാന്‍ സ്മരണയില്‍ ‘ലിവ് ആന്‍ഡ് ഇങ്ങ്മാര്‍’, ജൂറി അംഗം കൃഷാന്ദന്റെ ഹ്രസ്വചിത്രം ‘ഭഗവതിക്കാവിലെ പാപികള്‍’ എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര, ഫോക്കസ് വിഭാഗങ്ങളില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. ഏഴ് അനിമേഷന്‍, അഞ്ചു മ്യൂസിക് വീഡിയോ, ആഫ്രിക്കന്‍ ഷോര്‍ട്ട്‌സ് പാക്കേജിലെ ഒരു ചിത്രം, തുടങ്ങി പ്രമുഖ വിഭാഗങ്ങളില്‍ ചിത്രങ്ങള്‍ നാളെ തിയറ്ററുകളില്‍ എത്തും. മത്സര വിഭാഗം ചിത്രങ്ങള്‍ കൈരളി തിയറ്ററിലും ക്യാമ്പസ് ചിത്രങ്ങള്‍ നിള തിയറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുക.