ടി എം സി സംഗീത പ്രഭ പുരസ്‌ക്കാരം ഗായിക രാജലക്ഷ്മിക്ക്. ഈ മാസം 20 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് തിരുവനന്തപുരം തമ്പാനൂര്‍ പി.റ്റി.സി. ടവറിലെ ഹംസധ്വനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കവി പ്രൊഫ. വി. മധുസൂദന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും.
സംഗീത രംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‍കുന്ന പ്രതിഭകള്‍ക്ക് തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് വര്‍ഷം തോറും നല്‍കുന്നതാണ് സംഗീത പ്രഭ പുരസ്‌കാരം. ക്ലബ് പ്രസിഡന്റ് ഡോ. എം. അയ്യപ്പന്‍, സെക്രട്ടറി ജി സുരേഷ് കുമാര്‍, അംഗങ്ങളായ ചെറിയാന്‍ ഫിലിപ്പ്, ബിജു ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.30 ന് നടക്കുന്ന സംഗീത സായാഹ്നത്തില്‍ ക്ലബ് ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.
ഒന്‍പതാം വയസ്സില്‍ ഗാനമേളകളിലൂടെ ഗാനരംഗത്ത് പ്രവേശിച്ച രാജലക്ഷ്മിയ്ക്ക് 2004 ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന നാടക അവാര്‍ഡും, ജനകന്‍ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌ക്കാരം ലഭിച്ചത്.