Newsperseconds.com

മലയാള സിനിമയ്ക്ക് പത്തനംതിട്ട നല്‍കിയ അഭിമാനതാരങ്ങള്‍; തിലകനും മോഹന്‍ലാലും അടങ്ങുന്ന നീണ്ട നിര

Untitled 1

മലയാളസിനിമയെ ലോകത്തിനു മുന്നിലെത്തിച്ച നിരവധി താരങ്ങളെ നമുക്കറിയാം. സിനിമാ വ്യവസായത്തിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച് അഭിമാനത്തോടെയാണ് ഓരോ പ്രേക്ഷകനും നോക്കി കാണുന്നത്. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം സിനിമാ ചരിത്രത്തില്‍ ഒരുപാട് താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു വ്യക്തി സൂപ്പര്‍ സ്റ്റാറാകുന്നത് അവന്റെ പ്രകടനവും അഭിനയവും മാത്രമല്ല, അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള വ്യക്തിത്വവും കൂടിയാണ്. അങ്ങനെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച പത്തനംതിട്ടയില്‍ ജനിച്ചു വളര്‍ന്ന മലയാളസിനിമയുടെ അഭിമാനതാരങ്ങളെ അറിയാം….

മോഹന്‍ലാല്‍

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. (പൂര്‍ണ്ണനാമം: മോഹന്‍ലാല്‍ വിശ്വനാഥന്‍, ജനനം: മേയ് 21, 1960). പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹന്‍ലാലിന്റെ ജനനം. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്.

തിലകന്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളിലൊരാളായ തിലകന്‍ സ്വഭാവികമായ ഡയലോഗ് പ്രസന്റേഷനിലൂടെ തന്റെതായ അഭിനയ ശൈലിയുടെ ഉടമയാണ്. പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പഞ്ചായത്തിലെ പ്ലാങ്കമണില്‍ പാലപ്പുറത്ത് ടി.എസ്.കേശവന്റെയും ദേവയാനിയുടേയും മകനായി 1935 ഡിസംബര്‍ 8ന് ജനനം. സുരേന്ദ്രനാഥ തിലകന്‍ എന്നറിയപ്പെടുന്ന തിലകന്‍ ആറാം വയസിലെ അഭിനയത്തിന്റെ പ്രതിഭ കാട്ടിയ അപൂര്‍വ്വ വ്യക്തിത്വമാണ്. 1979-ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. മൂന്ന് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര അഭിനയത്തിലൂടെ ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. മലയാളത്തില്‍ 300ലേറെ സിനിമകളില്‍ തിലകന്‍ വേഷമിട്ടിട്ടുണ്ട്. സ്ഫടികം സിനിമയിലെ ചാക്കോ മാഷിനെ പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല.

പാര്‍വ്വതി

മലയാള ചലച്ചിത്ര രംഗത്ത് വലിയൊരു ഓളം സൃഷ്ടിച്ച അഭിനേത്രിയാണ് പാര്‍വതി അഥവാ പാര്‍വതി ജയറാം. തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി പി. കുറുപ്പ് എന്ന പാര്‍വതിയുടെ ജനനം. 1986-ല്‍ ‘വിവാഹിതരെ ഇതിലെ’ എന്ന സിനിമയിലൂടെയാണ് അവര്‍ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. നടന്‍ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിന്‍വാങ്ങി.

നയന്‍താര

തെന്നിന്ത്യന്‍ സിനിമാലോകത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള നയന്‍താര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യന്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ജനനം. മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയന്‍താര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സംയുക്തവര്‍മ്മ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചലച്ചിത്രനടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. തിരുവല്ലയ്ക്കു സമീപം നെടുമ്പുറം കൊട്ടാരത്തില്‍ ഉമാ വര്‍മ്മയുടെയും ചിറക്കല്‍രവി വര്‍മ്മയുടെയും മകളായി 1981 നവംബറില്‍ ജനിച്ചു. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ ഹിറ്റ് സിനിമകളില്‍ ചിലതാണ്.

മീരജാസ്മിന്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ നടിയാണ് മീരാ ജാസ്മിന്‍ എന്നറിയപ്പെടു ജാസ്മിന്‍ മേരി ജോസഫ്. തിരുവല്ലയിലെ കുറ്റപ്പുഴ ഗ്രാമത്തിലാണ് മീരാ ജാസ്മിന്‍ ജനിച്ചത്. ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു. പാഠം ഒന്ന ഒരു വിലാപം എ ചിത്രത്തിലെ അഭിനയത്തിന് 2004-ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി.

കാവേരി

അമ്മാനം കിളി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയ നടിയാണ് കാവേരി. ബാലതാരമായിട്ടാണ് സിനിമയിലേക്ക് കടന്നു വന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കാവേരിയുടെ കഥാപാത്രത്തെ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിരുവല്ലയിലെ കാവുംഭാഗം സ്വദേശിനിയാണ് കാവേരി.

അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍ എല്ലാം തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 1941 ജൂലൈ 3 നു ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.

പ്രതാപചന്ദ്രന്‍

നാലു പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ചലച്ചിത്ര അഭിനേതാവും നിര്‍മ്മാതാവുമായിരുന്നു പ്രതാപചന്ദ്രന്‍. മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം വില്ലന്‍ വേഷങ്ങളിലാണ് കൂടുതലും ശ്രദ്ധേയനായത്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ പ്രതാപചന്ദ്രന്‍ 9-ാം ക്ലാസ് വരെ പഠിച്ചുള്ളുവെങ്കിലും സ്‌കൂള്‍ പഠനകാലത്ത് കലാരംഗത്ത് പ്രശസ്തനായിരുന്നു.

ക്യാപ്റ്റന്‍ രാജു

മലയാള സിനിമയില്‍ ക്യാപ്റ്റന്‍ രാജു എന്ന സ്റ്റേജ് നാമത്തില്‍ കൂടുതല്‍ അറിയപ്പെട്ടിരുന്ന രാജു ഡാനിയേല്‍. 600 ലധികം സിനിമകളില്‍ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. സുവോളജിയില്‍ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21-ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ക്യാപ്റ്റനായി ചേര്‍ന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമത്തെ മകനായി ഓമല്ലൂരില്‍ ജനിച്ചു.

ആറന്മുള പൊന്നമ്മ

മാലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായിട്ട് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. ദേശീയപുരസ്‌കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ. കര്‍ണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റവും നടത്തി.

അടൂര്‍ ഭാസി

മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നല്‍കിയ ഹാസ്യനടനായിരുന്നു അടൂര്‍ ഭാസി. എന്നും നായകനോട് അടുത്തു നില്‍ക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളില്‍ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അടൂര്‍ പെരിങ്ങനാട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനനം.

അടൂര്‍ ഭവാനി

മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു അടൂര്‍ ഭവാനി. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. പത്തനംതിട്ട ജില്ലയിലുള്ള അടൂരാണ് സ്വദേശം. ശരിയോ തെറ്റോ ആണ് ആദ്യ ചലച്ചിത്രം. സേതുരാമയ്യര്‍ സി.ബി.ഐ അവസാനത്തെ ചിത്രവും.

കവിയൂര്‍ പൊന്നമ്മ

മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂര്‍ പൊന്നമ്മ. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നല്‍കി ഊട്ടിയുറക്കിയത് കവിയൂര്‍ പൊന്നമ്മയാണ്. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് 1971, 1972, 1973, 1994 എന്നീ വര്‍ഷങ്ങളില്‍ ഇവര്‍ നേടിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. മലയാളിക്ക് അമ്മയാണ് കവിയൂര്‍ പൊന്നമ്മ.

സിദ്ധാര്‍ത്ഥ് ശിവ

മലയാളചലച്ചിത്ര മേഖലയിലെ ഒരു സംവിധായകനും നടനുമാണ് സിദ്ധാര്‍ത്ഥ് ശിവ. മികച്ച നവാഗത സംവിധായകനുള്ള 2012-ലെ ദേശീയപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചു. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. തിരുവല്ല കവിയൂരിലാണ് ജനനം.

ബി ഉണ്ണികൃഷ്ണന്‍

മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ബി. ഉണ്ണികൃഷ്ണന്‍. ചലച്ചിത്രസംഘടനായ ഫെഫ്കയുടെ ജെനറല്‍ സെക്രട്ടറിയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് ജനനം.

കൈലാഷ്

മലയാള ചലച്ചിത്ര താരമാണ് കൈലാഷ്. 2008 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2009 തില്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തില്‍ കൈലാഷ് ചെയ്ത നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ശിക്കാര്‍, ദി ഹണ്ട്, 10.30 എ.എം ലോക്കല്‍ കോള്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ പുറമറ്റം എന്ന സ്ഥലത്താണ് ജനനം

ഊര്‍മിള ഉണ്ണി

കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളില്‍ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊര്‍മ്മിള ഉണ്ണി. 1988 ലെ മാറാട്ടം എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തെത്തി. 1992 ലെ സര്‍ഗം എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. ഇപ്പോഴും മലയാള സീരിയല്‍ സിനിമ രംഗത്ത് സജീവമായി തുടരുന്നു. തിരുവല്ലയിലാണ് ജനനം.

ഷമ്മി തിലകന്‍

മലയാള സിനിമകളില്‍ സജീവമായ ഒരു ഇന്ത്യന്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ഷമ്മി തിലകന്‍. മുതിര്‍ന്ന നടന്‍ തിലകന്റെ മകനാണ്. ദേവാസുരത്തിലെ നെപ്പോളിയനും , കടത്തനാടന്‍ അമ്പാടിയില്‍ പ്രേം നസീറിനും, ഗസലിലെ നാസറിനും വേണ്ടി അദ്ദേഹം ശബ്ദം നല്‍കി. പ്ലാങ്കമണിലാണ് ജനനം.

അജു വര്‍ഗ്ഗീസ്

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ അജു വര്‍ഗ്ഗീസ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ജനിച്ചത്. ചലച്ചിത്രമേഖലയില്‍ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു. ഇപ്പോഴും മലയാള സിനിമയില്‍ ഇദ്ദേഹം സജീവമാണ്.

കെ.ജി ജോര്‍ജ്ജ്

കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്. മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്രകാരനും തിരക്കഥാകൃത്തുമാണ്. 1980-കളില്‍ ഭരതന്‍, പി. പത്മരാജന്‍ എന്നിവരോടൊപ്പം മലയാള സിനിമയില്‍ ഒരു പുതിയ ചലച്ചിത്ര നിര്‍മ്മാണ സ്‌കൂളിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. സാമുവലിന്റെയും അന്നമ്മയുടെയും മൂത്ത മകനായി 1946 മെയ് 24 ന് തിരുവല്ലയിലാണ് ജോര്‍ജ് ജനിച്ചത്.

അടൂര്‍ പങ്കജം

അടൂര്‍ പങ്കജം, മലയാള സിനിമയിലെ ഒരു ഇന്ത്യന്‍ അഭിനേത്രിയായിരുന്നു . കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയാണ്. അവര്‍ ഒരു സഹനടിയും ഹാസ്യനടിയുമായിരുന്നു. സഹോദരി അടൂര്‍ ഭവാനിയും മലയാള സിനിമാ നടിയായിരുന്നു

മൈഥിലി

മലയാളചലച്ചിത്ര അഭിനേത്രിയാണ്. 2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയാണ്.

ബ്ലെസി

മലയാളചലച്ചിത്ര സംവിധായകനാണ് ബ്ലെസി. പദ്മരാജന്‍, ഭരതന്‍ എന്നിവരുടെ ശിഷ്യനും കൂടിയായിരുന്നു ബ്ലെസി. തിരുവല്ലയില്‍ ജനനം. പദ്മരാജന്‍, ലോഹിതദാസ്, ഭരതന്‍ തുടങ്ങിയ പ്രശസ്തരായ മലയാള ചലച്ചിത്രസംവിധായകരുടെ കൂടെ സഹസംവിധായകനായാണ് ബ്ലെസി തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കാഴ്ച (2004). ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചതും ബ്ലെസി തന്നെയായിരുന്നു.

എം ജി സോമന്‍

പഴയകാല മലയാള സിനിമകളിലെ നിറസാന്നിധ്യമായ എം ജി സോമന്‍ ജനിച്ചത് തിരുവല്ല തിരുമൂലപുരത്താണ്. എഴുപതുകളില്‍ സുകുമാരന്‍, ജയന്‍ എന്നിവരോടൊപ്പം മലയാള ചലച്ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു ഇദ്ദേഹം. 24 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഏകദേശം നാനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

Share this Article

Leave a Comment