ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം വളരെ പഴയതാണ്. അമേരിക്കൻ ഓർണിത്തോളജിക്കൽ സൊസെെറ്റി പറയുന്നു ഒരു പേരിൽ ഒരുപാട് കാര്യങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ യുഎസിലും കാനഡയിലുമുള്ള നൂറുകണക്കിന് സ്പൂഷീസ് പക്ഷികളുടെ പേര് മാറ്റാനൊരുങ്ങുകയാണ് ഓർണിത്തോളജിക്കൽ സൊസെെറ്റി. പേര് മാറ്റത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ 70 മുതൽ 80 വരെ സ്പീഷീസുകളുടെ പേര് അടുത്ത വർഷം മാറ്റും.
വ്യക്തികളുടെ സ്മരണാർത്ഥം നൽകിയ പേരുകളാണ് മാറ്റുന്നത്. പക്ഷികൾക്ക് മനുഷ്യന്റെ പേര് വേണ്ടെന്നാണ് സൊസെെറ്റിയുടെ പുതിയ നിലപാട് . വംശീയത അടിമക്കച്ചവടം തുടങ്ങിയ വിഷയങ്ങളിൽ പ്രതിനായക പരിവേഷമുള്ള ചരിത്ര വ്യക്തിത്വങ്ങളുടെ പേരുകൾ പല പക്ഷികൾക്കുമുണ്ട്.ഇത് ആ പക്ഷികൾക്ക് മോശം പരിവേഷം സൃഷ്ടിച്ചേക്കുന്നുവെന്ന ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി.
അന്നാസ് ഹമ്മിംങ് ബേർഡ്, ലൂയിസ് വുഡ് പെക്കർ, ടൗൺസെൻഡ്സ് വാർബ്ലർ തുടങ്ങിയ പക്ഷികളുടെയൊക്കെ പേര് ഉടൻ മാറും. മുൻപും പല കാരണങ്ങളാൽ പക്ഷികളുടെ പേര് ഓർണിത്തോളജിക്കൽ സൊസെെറ്റി മാറ്റിയിട്ടുണ്ട്. എന്നാൽ കൂട്ടത്തോടെ ഒരു മാറ്റം ഇതാദ്യമാണ്. പക്ഷികളുടെ പേര് , വാസസ്ഥലം, സ്വഭാവം, ആ സ്പീഷീസിന്റെ മറ്റ് സവിശേഷതകൾ എന്നിവ പ്രതിഫലിക്കുന്നതാവണം എന്നാണ് സൊസെെറ്റിയുടെ പക്ഷം. തീർത്തും ശാസ്ത്രീയമായ രീതിയിലായിരിക്കും പുതിയ നാമകരണം. അതേസമയം, പക്ഷികളുടെ വിളിപ്പേരിലാണ് മാറ്റമുണ്ടാകുന്നത്. ശാസ്ത്രീയ നാമങ്ങളിൽ മാറ്റമുണ്ടാകില്ല. രാജ്യത്തെ പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും ഓർണിത്തോളജിക്കൽ സൊസെെറ്റിയുടെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.