ആഗോളതലത്തിൽ ഓരോ പുതു വർഷത്തിനും പ്രത്യേക പ്രമേയങ്ങൾ നൽകാറുണ്ട്. 2024ലിനുമുണ്ട് അങ്ങനെ ഒരു പ്രമേയ വിഷയം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ സംരക്ഷക്കപ്പെടേണ്ടതോ, മാതൃക ആക്കേണ്ടതോ ആയ കാര്യങ്ങളാവും ഇങ്ങനെ പ്രമേയ വിഷയങ്ങളാവുക. ഐക്യരാഷ്ട്ര സംഘടനയാണ് ഓരോ വർഷത്തിനും പ്രത്യേക പ്രമേയങ്ങൾ നൽകുന്നത്. 2023 ചെറുധാന്യങ്ങളുടെ വർഷമായിരുന്നു. 2024 ആകട്ടെ അന്താരാഷ്ട്ര ക്യാമലിഡ് വർഷമാണ്.
ഒട്ടകവർഗത്തിൽപ്പെടുന്ന ജീവികളെ പൊതുവായി വിളിക്കുന്ന പേരാണ് ക്യാമലിഡുകൾ. ഒട്ടകങ്ങളെകൂടാതെ ലാമകൾ, അൽപാകകൾ, വികുണങ്ങൾ, ബാക്ട്രിയനുകൾ എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള നിരവധി സമൂഹങ്ങളുടെ ജീവിതത്തിൽ ഭക്ഷ്യസുരക്ഷ , പോഷണം, സാമ്പത്തിക വളർച്ച എന്നിവയ്ക്കായി ഈ മൃഗങ്ങൾ നൽകുന്ന സംഭാവന എടുത്തു കാണിക്കുകയാണ് ഈ വർഷാചരം കൊണ്ട് ലക്ഷ്യമിടുന്നത്.
പാൽ, മാംസം, രോമം എന്നിവയ്ക്കായും ഗതാഗതത്തിനുമെല്ലാം ഒട്ടകങ്ങളെ ആശ്രയിക്കുന്നുണ്ട്. സമ്പൂർണ സസ്യഭോജികളാണ് ക്യാമലിഡുകൾ. മെലിഞ്ഞു നീണ്ട കഴുത്തും നീളമേറിയ കാലുകളും ഇവയുടെ സവിശേഷതകളാണ്. പട്ടിണിക്കെതിരായ പോരാട്ടം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജനം, ഭൗമ ആവാസവ്യവസ്ഥയുടെ ശരിയായ ഉപഭോഗം തുടങ്ങിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ ഈ ജീവിവർഗങ്ങൾക്കുള്ള പ്രാധാന്യവും ഐക്യരാഷ്ട്ര സംഘടനടയുടെ വർഷാചരണത്തിന്റെ കാരണങ്ങളാണിവ. ഏറ്റവും വറണ്ടതും ജലദൗർലഭ്യം നിലനിൽക്കുന്നതുമായ ഭൂമേഖലകളിൽ ഒട്ടകങ്ങൾക്ക് അനായാസം ജീവിക്കാനാകും. അതുപോലെ കൊടുംതണുപ്പിനെ അതിജീവിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ഏഷ്യ, ആഫ്രിക്ക, വൻകരകളിലെ തൊണ്ണൂറിലേറെ രാജ്യങ്ങളിൽ ഒട്ടകങ്ങളെ ആശ്രയിച്ചകൊണ്ടുള്ള സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നു.