പാരിസ്: പാരിസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി നേടി ഇന്ത്യയുടെ നീരജ് ചോപ്ര.രണ്ടാം റൗണ്ടില്‍ 89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യന്‍ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചില്ല. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. വെള്ളി മെഡല്‍ നേടിയെങ്കിലും 2024 ഒളിമ്പിക്സ് പ്രകടനത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര അസന്തുഷ്ടനാണ്. മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമിന് പിന്നില്‍ എത്താന്‍ തനിക്ക് സാധിച്ചെന്ന് ചോപ്ര പറഞ്ഞു. 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോര്‍ഡ് തകര്‍ത്താണ് നദീം പുരുഷന്മാരുടെ ജാവലിന്‍ സ്വര്‍ണം നേടിയത്.
പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.ആറ് അവസരങ്ങളില്‍ അഞ്ചും ഫൗളായെങ്കിലും നീരജിന് ഫൗളല്ലാത്ത ഒറ്റ ഏറില്‍ തന്നെ വെള്ളി നേടാനായി. രണ്ടാമൂഴത്തിലെ 89.45 മീറ്റര്‍. സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിലേക്ക് എത്തി. എന്നാല്‍ 90 മീറ്റര്‍ കടമ്പ കടക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. പാക്കിസ്ഥാന്റെ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അര്‍ഷദ് നദീമിന്റെ നേട്ടം.