ബഗ്ദാദ്: തെക്കൻ ഇറാഖിലെ ബസ്ര തീരത്തോട് ചേർന്ന പ്രദേശത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള, മാർഷൽ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന ‘സഫീസിയ വിഷ്ണു’ എന്ന എണ്ണക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപം ഷിപ്പ്-ടു-ഷിപ്പ് ട്രാൻസ്ഫർ മേഖലയിൽ നങ്കൂരമിട്ടിരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്. ഇറാനുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന ചാവേറാക്രമണമാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാഖിലെ തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ ഡയറക്ടർ ജനറൽ ഫർഹാൻ അൽ-ഫാർതൗസി സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യക്കാരന്റെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിലുണ്ടായിരുന്ന മറ്റു 27 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി ബസ്രയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. 2007ൽ നിർമ്മിച്ച ഈ അസംസ്‌കൃത എണ്ണ ടാങ്കർ ഏകദേശം 228.6 മീറ്റർ നീളവും 32.57 മീറ്റർ വീതിയുമുള്ള വലിയ കപ്പലാണെന്ന് അധികൃതർ വ്യക്തമാക്കി.