കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഐഎം നേതാക്കളെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗവുമായ എംബി രാജു, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് പീതാംബരന്‍ എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിര്‍ദേശം നൽകിയിട്ടുള്ളത്. ജില്ലാ സെക്രട്ടറി വര്‍ഗീസിന് നാലാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്.
നവംബര്‍ 24, ഡിസംബര്‍ ഒന്ന് തീയതികളില്‍ ഹാജരായെങ്കിലും ഡിസംബര്‍ അഞ്ചിനുള്ള നോട്ടീസില്‍ ഹാജരായിരുന്നില്ല. തൃശ്ശൂര്‍ ജില്ലയില്‍ നവകേരളസദസ് നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെടുകയായിരുന്നു.
കരുവന്നൂര്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റായ പീതാംബരന്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ്. എംബി രാജു, പീതാംബരന്‍ എന്നിവരുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി ആരോപണം.