തിരുവനന്തപുരം നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമൃത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. മുഖം മൂടി വച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. കയറിയ മോഷ്ടാക്കൾ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ആഭരണങ്ങൾ അപഹരിച്ചത്.
മോഷണത്തിന് ശേഷം തറയിൽ മുളക് പൊടിയും വിതറിയിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.