ദില്ലി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ച് പിസി ജോര്‍ജ്. മകന്‍ ഷോണ്‍ ജോര്‍ജും പി സി ജോര്‍ജിനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവര്‍ പിസി ജോര്‍ജ്ജിനൊപ്പമുണ്ടായിരുന്നു.
പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്താനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ചേര്‍ന്ന് നിന്നായിരുന്നു പിസി ജോര്‍ജിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.
അതേ സമയം, ബിജെപിയില്‍ ചേരുകയെന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കാനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി പി സി ജോര്‍ജ് ബന്ധപ്പെട്ടത് എന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.പിസി ജോര്‍ജിന്റെ വരവ് വെറും തുടക്കമാണെന്ന് പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.