കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം ആളിക്കത്തുന്നു. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു അദ്ദേഹം പൊതുവേദിയില്‍ സംസാരിച്ചത്. രാമക്ഷേത്രം കോടതി വിധിയനുസരിച്ച് നിര്‍മ്മിച്ചതാണ്. ക്ഷേത്രവും മസ്ജിദുമെല്ലാം മതേതരത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ആരാധനാലയങ്ങള്‍ ഓരോ മതവിഭാഗത്തിനും ഭരണഘടനാപരമായ അവകാശമാണ്. ഒരു ആരാധനാലയത്തില്‍ അവര്‍ പുണ്യമായി കരുതുന്ന ആരാധന നടക്കണം. അവിടെ മറ്റ് പൂജകളോ ആരാധനയോ നിയമപരമല്ല. ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം വച്ച് എതിര്‍ക്കാനാകില്ല. നിയമപരമായി നേരിടാം എന്നത് മറക്കരുത്. ന്യൂനപക്ഷവും ഭൂരിപക്ഷവും പരസ്പരം കൊമ്പ് കോര്‍ക്കേണ്ടവര്‍ അല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയാണ് ഐഎന്‍എല്ലും സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകരും ഒന്നടങ്കം രംഗത്ത് വന്നിരിക്കുന്നത്.
എന്നാല്‍, വിവാദത്തില്‍ അകപ്പെട്ട പാണക്കാട് സാദിഖലി തങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത് സമസ്ത യുവജനസംഘം നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തി. പാണക്കാട് കുടുംബം സ്വീകരിച്ച് വരുന്ന പരമ്പരാഗത നിലപാടാണ് സാദിഖലി തങ്ങള്‍ പിന്തുടരുന്നതെന്ന് നാസര്‍ ഫൈസി പറഞ്ഞു. കെ ടി ജലീലും ഐഎന്‍എല്ലും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും സമസ്തയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. സംഘപരിവാര്‍ അജണ്ടയ്ക്ക് ഇടം നല്‍കാതിരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് സമസ്ത നാസര്‍ ഫൈസി വ്യക്തമാക്കി. വിവാദത്തിനിടെയും സാദിഖലി തങ്ങള്‍ക്ക് സമസ്ത നേതാക്കളുടെ പിന്തുണ ലഭിച്ചത് ആശ്വാസമായി.