മാനന്തവാടി: ആളെക്കൊല്ലി കാട്ടാനയെ പിടികൂടുന്ന ദൗത്യം ആറാംദിവസവും ഫലം കണ്ടില്ല. ആന വനത്തിലൂടെ നിര്‍ത്താതെ നീങ്ങുന്നതും കുന്നിന്‍ചെരുവിലേക്ക് കയറുന്നതും ദൗത്യത്തിന് തിരിച്ചടിയായി. നിലവില്‍ മാനിവയല്‍ അമ്മക്കാവ് വനത്തിലാണ് ബേലൂര്‍ മഗ്നയുള്ളത്. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു.
അതേ സമയം, വനത്തില്‍ പുലിയുടെ സാന്നിധ്യമുള്ളതും മറ്റൊരു വെല്ലുവിളിയാണ്. മോഴയാനയോടൊപ്പമാണ് ബേലൂര്‍ മഗ്ന കാട്ടിലൂടെ സഞ്ചരിക്കുന്നത്. കൂടെയുള്ള മോഴയാന അക്രമകാരിയാണെന്നതും സംഘത്തിന് വെല്ലുവിളിയാവുകയാണ്. ദൗത്യ സംഘം ഇന്നലെ രണ്ട് തവണ പുലിയുടെ മുന്നില്‍ പെട്ടിരുന്നു. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്.