Newsperseconds.com

പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥ് നേരിട്ടത് മൂന്ന് മണിക്കൂര്‍ നീണ്ട മൃഗീയമായ മര്‍ദ്ദനം; ക്യാമ്പസിനുള്ളിലെ ഞെട്ടിക്കുന്ന റാഗിങ് വിവരങ്ങള്‍ പുറത്ത്

Capture

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജില്‍ നടന്നത് അതിക്രൂരമര്‍ദ്ദനമെന്ന് കുട്ടികളുടെ വെളിപ്പെടുത്തല്‍. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച കാര്യം പുറത്ത് പറയാതിരിക്കാന്‍ മുഴുവന്‍ കുട്ടികളേയും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. വിവരം പുറത്തു പറയുന്നവരുടെ തലയുണ്ടാകില്ലെന്നാണ് പ്രതികളിലൊരാളായ സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം. ക്യാമ്പസില്‍ സിദ്ധാര്‍ത്ഥ് നേരിട്ടത് മൃഗീയമായ വിചാരണയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട മര്‍ദ്ദനം. 130 കുട്ടികളുള്ള ഹോസ്റ്റലില്‍ വെച്ചാണ് സിദ്ധാര്‍ത്ഥിനെ പരസ്യമായി മര്‍ദ്ദിച്ചത്. എന്നാല്‍ ഒരു കുട്ടി പോലും എസിദ്ധാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ തുനിഞ്ഞില്ല. ക്യാമ്പസില്‍ ഇത്തരം മൃഗീയ വിചാരണകള്‍ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും രക്ഷിക്കാതിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ക്യാമ്പസില്‍ മുമ്പും ഇതു പോലെ പല തവണ നടന്നിട്ടുണ്ട്. എന്നാല്‍ ആരും പ്രതികരിക്കാതെ ഇരിക്കുന്നതാണ് വെറ്റിനറി കോളേജിലെ നിയമമെന്നാണ് പുറത്തുവരുന്നത്. ഹോസ്റ്റലിലെ ഒരു പ്രശ്‌നങ്ങളും പുറംലോകം അറിഞ്ഞിരുന്നില്ല. എത്ര വലിയ പ്രശ്‌നങ്ങള്‍ നടന്നാലും അത് ക്യാമ്പസിനുള്ളില്‍ തന്നെ തീര്‍ക്കലാണ് നിയമം. സിദ്ധാര്‍ത്ഥന്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതു തന്നെയായിരുന്നു.സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ആരും ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ഒരുങ്ങാതിരുന്നതും പേടി കൊണ്ടാണെന്നാണ് കുട്ടികള്‍ പറയുന്നത്.

ഭീഷണി ഉള്ളത് കൊണ്ട് തന്നെ കോളേജ് അധികൃതരുടെ ശ്രദ്ധയിലാരും പെടുത്തിയില്ല. പതിനാറിന് രാത്രിയാണ് സിദ്ധാര്‍ത്ഥിന് നേരെ അക്രമം ഉണ്ടായത്. മര്‍ദ്ദനത്തിന് ശേഷം മാനസികമായും ശാരീകികമായും സിദ്ധാര്‍ത്ഥ് തളര്‍ന്നിരുന്നു. 17ന് ചിലര്‍ സിദ്ധാര്‍ഥന്റെ നീക്കം നിരീക്ഷിച്ചിരുന്നു. എന്നാല്‍ പ്രശ്‌നമില്ലെന്ന് തോന്നിയതോടെ ആരും കൂടുതല്‍ ശ്രദ്ധിച്ചില്ല. 18ന് കുളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ സിദ്ധാര്‍ത്ഥനെ പിന്നെ കണ്ടത് ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. അതോടെ മുഴുവന്‍ പ്രതികളും ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് സിദ്ധാര്‍ത്ഥിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

Share this Article

Leave a Comment