കാസര്‍കോട്: കേരളത്തില്‍ അഴിമതിയും കുടുംബവാഴ്ചയുമാണ് നടക്കുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും കേരളത്തെ അപമാനിക്കാനാണ് മോദിയുടെ ശ്രമെന്നും പിണറായി വിജയന് പറഞ്ഞു. ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അതിനെ ഇല്ലാതാക്കാന്‍ ബിജെപിയും മോദിയും ഏതറ്റം വരെ പോവുകയും ചെയ്യുമെന്ന് പിണറായി വിജയന് പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചിരുന്നു. കൂടാതെ പിണറായിവിജയനോടോ കുടുംബത്തിനോടോ പ്രത്യേക മമത ഇല്ലെന്നും പിണറായിക്കെതിരായ ആരോപണങ്ങളില്‍ മോദി ശക്തമായ നടപടി എടുക്കുന്നില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ ആരോപണത്തിനാണ് മറുപടിയുമായി പിണറായി വിജയന് രംഗത്തെത്തിയത്.
കേരളത്തില്‍ എല്‍ഡിഎഫ് നിലപാടുകള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുന്നുണ്ട്. ഇടതു പക്ഷത്തിന്റെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരിഭ്രാന്തിയിലാണ്. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കള്ളം പറയുകയാണ്. കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്. നേട്ടങ്ങളെ നുണകൊണ്ട് മൂടാന്‍ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി.