കൊച്ചി: സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പലയിടത്തും സംഘര്‍ഷം. ആവേശം അതിരുകടന്നതോടെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. കല്ലേറില്‍ സിആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തൊടുപുഴയിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പൊലീസും നേതാക്കളും ചേര്‍ന്ന് പരിഹരിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. മഴ പെയ്യുന്നതിനിടെയും കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇത് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പൊലീസും ലാത്തിവീശി. കൊല്ലം പത്തനാപുരത്ത് യുഡിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്തിന്റെ പല ഭാഗത്തും കലാശക്കൊട്ട് സംഘര്‍ഷത്തിലാണ് അവസാനിച്ചത്.