പുല്‍പ്പള്ളി: ഷാഡോ പോലീസാണെന്ന് പറഞ്ഞ് പതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പുല്‍പ്പള്ളി താഴെയങ്ങാടിയിലെ ഒരു കടയിലെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗമാണെന്ന് പറഞ്ഞായിരുന്നു ഭീഷണി. 10,000 രൂപയാണ് കടക്കാരനില്‍ നിന്ന് യുവാവ് ഭീഷണിപ്പെടുത്തി വാങ്ങിച്ചത്. താനൂര്‍ ഒസാന് കടപ്പുറം ചെറിയമൊയ്ദീങ്കാനത്ത് വീട്ടില്‍ സി എം മുഹമ്മദ് റാഫിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുല്‍പ്പള്ളി പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. ബിവറേജസ് ഷോപ്പിന് അടുത്തുള്ള കടയിലെത്തി അനധികൃത മദ്യവില്‍പ്പന നടത്തുന്നുണ്ടെന്നും കട പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരനെ വിശ്വസിപ്പിക്കുന്നതിനായി, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുകയാണെന്ന് പറഞ്ഞ് ഫോണില്‍ ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കുകയും ചെയ്തു. കട സീല്‍ ചെയ്യാമെന്ന് ഫോണിലുള്ളയാള് പറഞ്ഞതോടെ കടക്കാരന് ഒത്തുതീര്‍പ്പാക്കാന്‍ കാശ് എടുത്ത് കൊടുക്കുകയായിരുന്നു. പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്നും ഈ കാര്യങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ 25,000 രൂപ നല്‍കണമെന്നുമാണ് മുഹമ്മദ് റാഫി ആവശ്യപ്പെട്ടത്. അത്രയും കാശ് ഇല്ലാത്തതിനാല്‍ പതിനായിരം രൂപയെടുത്ത് കടക്കാരന് കൊടുക്കുകയായിരുന്നു.