Newsperseconds.com

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെന്‍ഷന്‍; പോലീസ് അനാസ്ഥ കാണിച്ചതായി യുവതിയുടെ പിതാവ്

Rahul.1.2715576

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്എച്ച്ഒയ്ക്ക് സസ്പെന്‍ഷന്‍. പന്തിരങ്കാവ് എസ്എച്ചഒ എഎസ് സരിനെയാണ് സസ്പെന്‍ഡ് ചെയ്തത്. യുവതിയുടെ പരാതി ഗൗരവമായി എടുത്തില്ലെന്നും യുവതിയെ പരാതിയില്‍ നിന്ന് സരിന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രതിക്കൊപ്പം ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഒളിവില്‍പോയതിന് പിന്നാലെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതവരുത്താനായി വിമാനക്കമ്പനി അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പറഞ്ഞ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഇല്ലെന്നും യുവതി വിശദീകരിച്ചു.

ഇതിനിടെ പൊലീസിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തുവന്നു. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നീതി ലഭിക്കേണ്ട പോലീസ് സ്‌റ്റേഷനില്‍ നീതി നിഷേധിക്കുകയാണ് ചെയ്തത്. പോലീസിന്റെ അനാസ്ഥ കാരണമാണ് രാഹുലിനെ പിടിക്കാന്‍ കഴിയാതിരുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകള്‍ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകള്‍ ചേര്‍ക്കുന്നതില്‍ ഉള്‍പ്പെടെ പോലീസ് വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം. സംഭവദിവസം പരാതി അറിയിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.

Share this Article

Leave a Comment