Newsperseconds.com

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി; മലയോരമേഖലയില്‍ മണ്ണിടിച്ചിലിന് സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

Capture

കേരളത്തില്‍ ശക്തമായ മഴ തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.

സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

Share this Article

Leave a Comment