പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ഒതുങ്ങിയ എല്‍ഡിഎഫിനെ വിമര്‍ശിച്ച ഗീവര്‍ഗീസ് കൂറിലോസിനെ മുഖ്യമന്ത്രി രൂക്ഷമായി ആക്ഷേപിച്ചിരുന്നു. വിവരദോഷി എന്ന പദപ്രയോഗമാണ് പുരോഹിതന് നേരെ മുഖ്യമന്ത്രി ഉന്നയിച്ചത്.
ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷം. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വിഷയം അവസാനിച്ചു. പറഞ്ഞത് പറഞ്ഞതാണ്. അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാകില്ല. ഇതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. മറ്റൊരു വാക്കും എന്റെ പക്കല്‍ നിന്നും കിട്ടില്ല. ഞാന്‍ എന്നും ഇടതുപക്ഷത്തായിരിക്കും. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു പുരോഹിതന്റെ വിമര്‍ശനം. പിന്നാലെ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രിയെത്തി. പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചു.