കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പൊതുദര്‍ശനത്തിന് വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. കേന്ദ്രസഹമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ മരിച്ച ഏഴ് തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാവതെയാണ് ജനക്കൂട്ടം വിങ്ങിപ്പൊട്ടിയത്. മനസ്സിനെ ഉലക്കുന്ന വേദനജനകമായ കാഴ്ച്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ടത്.