ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിഡിയോ കോളിലൂടെ തട്ടിപ്പ് നടത്തി വിദഗ്ധ സംഘം. പെട്ടെന്നുതന്നെ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയതോടെ കോടികള്‍ തട്ടിയെടുക്കാനുള്ള തട്ടിപ്പ് സംഘത്തിന്റെ ശ്രമം കോഴിക്കോട് സൈബര്‍ പൊലീസ് സംഘം ഇല്ലാതാക്കുകയായിരുന്നു.
പഴുതടച്ച അന്വേഷണത്തിലൂടെയാണ് സൈബര്‍ ക്രൈം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 മാസത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലായുള്ള അഞ്ച് പ്രതികളെ പിടികൂടാനായത്. ഗോവയിലെ കാസിനോയില്‍നിന്നാണ് പ്രതികള്‍ കൂടുതല്‍ അടുത്തതും തട്ടിപ്പിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതും. കേസില്‍ അവസാനം പിടിയിലായ തെലുങ്കാന സ്വദേശി പ്രശാന്താണ് തട്ടിപ്പിലെ പ്രധാനി.
തട്ടിപ്പിന് മുമ്പേതന്നെ വിശദമായ പദ്ധതി പ്രതികള്‍ ഒരുക്കിയിരുന്നതായി സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. പണം അത്യാവശ്യമാണെന്ന് പറഞ്ഞ് വിഡിയോ കോള്‍ ചെയ്ത് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങള്‍ സഹിതം തട്ടിപ്പ് നടത്തുകയായിരുന്നു.