യുജിസി-നെറ്റ് പരീക്ഷ കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം തകിടം മറിഞ്ഞത് വലിയ ആശങ്കയുണര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ യുവതലമുറയിലും രക്ഷിതാക്കളിലും ജനങ്ങളിലാകെയും നൈരാശ്യവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല. പരീക്ഷകള്‍ എഴുതിയ ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നു. പരീക്ഷാ നടത്തിപ്പിനായി ചെലവഴിച്ച കോടിക്കണക്കിനു രൂപയും മനുഷ്യദ്ധ്വാനവും പാഴായി. ഇത്രയേറെ പ്രാധാന്യമുള്ള പരീക്ഷകള്‍ പോലും കുറ്റമറ്റ നിലയില്‍ നടത്താന്‍ കഴിയുന്നില്ല എന്നത് അധികാരികളുടെ ഗുരുതര വീഴ്ചയെ സൂചിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ മേഖലയേയും കാവിവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ബിജെപി സര്‍ക്കാര്‍ അടിസ്ഥാന ഉത്തരവാദിത്തം മറക്കുകയാണ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ബന്ധപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും തിരുത്തി സുതാര്യവും പിഴുവകളില്ലാത്തതുമായ രീതിയില്‍ പരീക്ഷകള്‍ നടത്താന്‍ ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.