Newsperseconds.com

അഴുകിയ കോഴിയിറച്ചി വിളമ്പി; ഹോട്ടല്‍ അധികൃതരോട് ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറി; 50,000 രൂപ റെസ്റ്റോറന്റിന് പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

Capture

മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റെസ്റ്റോറന്റിനെതിരെ നടപടിയെടുത്ത് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. 50,000 രൂപയാണ് പിഴയിട്ടത്. കോട്ടയ്ക്കലിലെ സാന്‍ഗോസ് റെസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ നടപടി. വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയിലാണ് റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തത്.

ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് ജിഷാദ് ഭക്ഷണം കഴിക്കാന്‍ സാന്‍ഗോസ് റെസ്‌റ്റോറന്റിലെത്തിയത്. വിളമ്പിയ കോഴിയിറച്ചി മകള്‍ക്ക് നല്‍കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും അപമര്യാദയായി പെരുമാറുകയാണുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കോട്ടയ്ക്കല്‍ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നല്‍കി. മുനിസിപ്പല്‍ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്ന് സ്ഥാപനം അടച്ചുപൂട്ടുകയും ശുചീകരണ പ്രവൃത്തിക്ക് ശേഷമേ തുറക്കാവൂ എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ശേഷം പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ റസ്റ്റോറന്റ് ഉടമ മറുപടി ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് പരാതിക്കാരന്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാണ് റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ പിഴ വിധിച്ചത്.

Share this Article

Leave a Comment