തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചിലിന് പല തടസ്സങ്ങളുമുണ്ട്. കൂടാതെ, കനാലില്‍ മാലിന്യകൂമ്പാരം പാറ പോലെ ഉറച്ചു നില്‍ക്കുകയാണെന്ന് എന്‍ഡിആര്‍എഫ് സംഘം പറഞ്ഞു. അതിസാഹസികമായാണ് സംഘം തിരച്ചില്‍ നടത്തുന്നത്. റോബോട്ടിക് സംവിധാനവും സ്ഥലത്തുണ്ട്.
റെയില്‍വേയുടെ മൂന്നാം പ്ലാറ്റ്ഫോമിലെ മാന്‍ഹോളില്‍ ഇറങ്ങി സംഘാംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്നുവെന്ന് ദൗത്യ സംഘത്തിലെ അംഗങ്ങള്‍ വ്യക്തമാക്കുന്നു. മാലിന്യങ്ങള്‍ വകഞ്ഞുമാറ്റി തല പൊക്കാന്‍ പറ്റുന്നില്ല. 40 മീറ്ററില്‍ കൂടുതല്‍ പോയി. ജോയി വീണ സ്ഥലത്തുവരെ ഇന്നും ദൗത്യ സംഘമെത്തിയിട്ടുണ്ട്.
രക്ഷാദൗത്യം 22 മണിക്കൂര്‍ പിന്നിടുകയാണ്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിച്ചിരുന്നു. ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച് തെരച്ചില്‍ ഇന്ന് രാവിലെത്തേക്ക് മാറ്റിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.