തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെന്ന കരുത്തനായ തന്ത്രശാലിയായ നേതാവില്ലാതെ കോണ്‍ഗ്രസ് രാഷ്ട്രീയം ഒരു വര്‍ഷം പിന്നിടുന്നു. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത നേതാവ് നമ്മോട് വിട പറഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി ഇപ്പോഴും നികത്താന്‍ ആകാത്ത വിടവായി നിലകൊള്ളുന്നു. കലുഷിത രാഷ്ട്രീയത്തില്‍ ആശങ്കകളില്ലാതെ മറികടക്കാന്‍ ഉമ്മന്‍ചാണ്ടിയെന്ന പ്രതിഭാസത്തിന് അനായാസം കഴിഞ്ഞു. ഓര്‍മയായി ഒരു വര്‍ഷം കഴിയുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. അണികളുടെ നേതാവും ആവേശവുമായിരുന്ന പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കേരളം ഇന്നും സ്മരിക്കുകയാണ്. പുതുപ്പള്ളിയിലെ കല്ലറയില്‍ ഇപ്പോഴും ജനപ്രവാഹമാണ്. മെഴുകുതിരി അണയാത്ത പൂക്കള്‍ വാടാത്ത എന്നും സന്ദര്‍ശകരെത്തുന്ന കല്ലറ. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവര്‍ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയില്‍ ഒരു നിവേദനം വെച്ച ശേഷമാണ് എംഎല്‍എയും ഉമ്മന്‍ചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. ചില ബന്ധങ്ങള്‍ ഒരിക്കലും അവസാനിക്കില്ല എന്ന് പറയാറുണ്ട്. പുതുപ്പള്ളിയിലെ ഈ കല്ലറ ഓര്‍മ്മിപ്പിക്കുന്നത് അതാണ്.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കെഎസ്യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു.
2020ല്‍ നിയമസഭ അംഗമായി 50 വര്‍ഷം പിന്നിട്ട ഉമ്മന്‍ ചാണ്ടി 2004-2006, 2011-2016 എന്നീ വര്‍ഷങ്ങളില്‍ രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), 12ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 2023 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണയായി 53 വര്‍ഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 2023 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും 2018 മുതല്‍ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏറ്റവും കൂടുതല്‍ (19,078) ദിവസം നിയമസഭധ സാമാജികനായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
പ്രശ്‌നങ്ങളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുക എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രീതി. കേരളത്തിന്റെ വികസനത്തില്‍ ഉമ്മന്‍ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ല്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സര്‍ക്കാര്‍ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളില്‍ നിന്നും ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പരിഷ്‌കാരങ്ങളാണ്. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലിന്റെ പണി തുടങ്ങാന്‍ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനും കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചതും അദ്ദേഹത്തിന്റെ പ്രയത്‌നഫലം കൊണ്ടാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചതും അദ്ദേഹത്തിന്റെ സംഭാവനകളാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നില്‍ക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.
കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയോളം എത്തുന്ന മറ്റൊരു നേതാവ് ഇതുവരേയും ഉണ്ടായിട്ടില്ല. പറഞ്ഞാലും എഴുതിയാലും തീരാത്ത ഓര്‍മ്മകളും സംഭവാനകളും നല്‍കിയ കുഞ്ഞൂഞ്ഞിനെ കേരളം മറക്കില്ല എന്നതാണd വാസ്തവം. ആ ഓര്‍മ്മകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെയും നാഴികക്കല്ലുകളായി തീരാനഷ്ടങ്ങളായി ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്.