രാഷ്ട്രീയവും സ്വകാര്യജീവിതവും രണ്ടാണെന്ന് തെളിയിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ബിനീഷ് കോടിയേരി. ജയിലില്‍ കിടന്നപ്പോള്‍ വിളിച്ചാശ്വസിപ്പിച്ച ഏക രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. ഇതെല്ലാം മുന്നോട്ടുള്ള ജീവിതത്തില്‍ ഊര്‍ജമായി മാറുമെന്നും എന്നെ വിളിച്ച് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ഇത്രയും ആക്രമിക്കപ്പെട്ട രാഷ്ട്രീയ കുടുംബങ്ങള്‍ കോടിയേരിയുടേതും ഉമ്മന്‍ചാണ്ടിയുടേതുമാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികത്തില്‍ കോട്ടയം പുതുപള്ളിയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്.
അക്രമിച്ചവരെ പോലും ചേര്‍ത്തു നിര്‍ത്തിയ നേതാവാണ് ഉമ്മന്‍ചാണ്ടി. കോടിയേരിയുടേയും ഉമ്മന്‍ചാണ്ടിയുടേയും ഒരേ പോലെ വേട്ടയാടപ്പെട്ട കുടുംബമാണ്. വ്യത്യസ്ഥ രാഷ്ട്രീയ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും എത്രത്തോളം സൗഹാര്‍ദ്ദ അന്തരീക്ഷത്തിലുള്ള രാഷ്ട്രീയം സൃഷ്ടിക്കാമെന്ന് കാണിച്ചു തന്ന നേതാക്കളാണ് ഇരുവരും. ഇത്രയധികം വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട രണ്ടു നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ വിരളമായിരിക്കും. അക്രമിക്കുന്നവരോട് പോലും പുഞ്ചിരിച്ച് പെരുമാറുന്ന അന്തരീക്ഷം സൃഷ്ടിച്ചവരാണ് ഇവര്‍ രണ്ടു പേരുമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ജനമനസ്സുകളില്‍ സ്വാധീനം ഉറപ്പിച്ച നേതാക്കളെ വിസ്മൃതിയിലേക്ക് തള്ളാന്‍ ജനങ്ങള്‍ അനുവദിക്കില്ല എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ആദരമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.