തിരുവനന്തപുരം: അഗോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ തിരച്ചില്‍ പതിനൊന്നാം ദിവസത്തിലേക്ക്. മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതു പ്രകാരമാണ് മന്ത്രിമാര്‍ ഷിരൂരിലെത്തുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ അര്‍ജുന്റെ ട്രക്ക് പുറത്തെടുക്കാന്‍ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ. പുഴയിലെ അടിയൊഴുക്ക് തിരച്ചിലിന് കനത്ത വെല്ലുവിളിയാണ്. ഷിരൂരില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. ഭാരമുള്ള വസ്തു ഇട്ട് അടിയഴുക്കിന്റെ തീവ്രത പരശോധിക്കുകയാണ്. ഷിരൂരിലെ സാഹചര്യം നാവിക സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. ഇന്നും സ്‌പോട്ട് ഡൈവിങ്ങിന് ട്രയല്‍ നടത്തുന്നുണ്ട്. നിലവില്‍ ഗംഗാവാലി നദിയില്‍ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് വസ്തുക്കള്‍ അടിഞ്ഞുകൂടിയതിന്റെ വ്യത്യാസം വിലയിരുത്തും. ഒഴുക്ക് കുറഞ്ഞാല്‍ ഉടന്‍ താഴെയിറങ്ങാനാകുമെന്നാണ് പ്രതീക്ഷ.