വീട്ടുമുറ്റത്തെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മ സേനാംഗം എസ് ധനുജകുമാരിയുടെ ജീവിതം കേരളത്തിലെ രണ്ട് സര്‍വ്വകലാശാലകളില്‍ പഠിക്കാനുണ്ടെന്ന വിവരം നമ്മളില്‍ എത്ര പേര്‍ക്കറിയാം? ഏറെ പലര്‍ക്കുമറിയില്ല എന്നതാണ് സത്യം. തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ച്ചൂളയില്‍ ജനിച്ചുവളര്‍ന്ന ധനുജകുമാരിയുടെ ‘ ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകമാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ബിഎയ്ക്കും കാലിക്കറ്റില്‍ എംഎയ്ക്കും പാഠപുസ്തകം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ധനുജകുമാരി വിജില എന്ന എഴുത്തുകാരിയുടെ പ്രേരണയിലാണ് എഴുതിത്തുടങ്ങിയത്. ചെങ്കല്‍ച്ചൂളയുടെ ചരിത്രം, സ്ത്രീ, കുടുംബിനി, തന്റെ അതിജീവനം തുടങ്ങിയ കാര്യങ്ങളെല്ലാം ആസ്പദമാക്കിയാണ് ധനുജകുമാരി ജീവിതകഥ എഴുതിയിരിക്കുന്നത്.
സെക്രട്ടേറിയറ്റ് നിര്‍മ്മാണക്കാലത്ത് തൊഴിലാളികളുടെ താവളമായിരുന്ന ചെങ്കല്‍ച്ചൂള. ചൂളയിലെ ആണുങ്ങള്‍ പ്രശ്‌നക്കാരാണെന്നായിരുന്നു ആക്ഷേപം. കുട്ടികളെ ചേര്‍ക്കാന്‍ പോലും സ്‌കൂളുകള്‍ മടിച്ചു. എന്നാല്‍ വിദ്യാഭ്യാസമുള്ള കുട്ടികളാണ് ഇപ്പോള്‍ ചെങ്കല്‍ചൂളയുടെ കരുത്തെന്ന് ധനുജ പറഞ്ഞു. സ്‌നേഹമുള്ള ഒരു കൂട്ടം മനുഷ്യര്‍ ജീവിക്കുന്നിടം. മകന്‍ നിധീഷ് കലാമണ്ഡലത്തില്‍ ചെണ്ട പഠിക്കാന്‍ പോയപ്പോഴുണ്ടായ ദുരനുഭവും പുസ്തകത്തില്‍ പറയുന്നുണ്ട്. ചേരിക്കാരനെന്ന ആക്ഷേപവും ജാതി വിളിക്കലും അതിര് കടന്നപ്പോള്‍ കലാമണ്ഡലത്തില്‍ നിന്ന് അവന്‍ ഇറങ്ങിയെന്നും അവര്‍ പറഞ്ഞു. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ ഇടപെട്ട് വീണ്ടും പോയിത്തുടങ്ങിയെങ്കിലും തുടരാനായില്ല. അഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള രാജാജി നഗറിന്റെ ചരിത്രത്തിന്റെ രണ്ടാം ഭാഗം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. ചൂളയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിങ്‌സ് ഓഫ് വിമനിന്റെ സെക്രട്ടറിയായ ധനുജകുമാരിയുടെ ഉത്സാഹത്തില്‍ ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്.