കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച് പിപി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്നും നിയമത്തില്‍ വിശ്വസിക്കുന്നുവെന്നും പിപി ദിവ്യ പറഞ്ഞു. ആദ്യമായാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യ പ്രതികരിക്കുന്നത്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ 11 ദിസങ്ങള്‍ക്ക് ശേഷം ഇന്നാണ് ദിവ്യ ജയിലില്‍ നിന്നിറങ്ങുന്നത്.
‘നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖം എന്നെ സംബന്ധിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരായാലും പൊതുജനങ്ങളായാലും പൊതുപ്രവര്‍ത്തന രംഗത്ത് എന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ 14 വര്‍ഷം ജനപ്രതിനിധിയെന്ന നിലയില്‍ ഒരുപാട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവരുമായി സഹകരിച്ച് പോകുന്നൊരാളാണ് ഞാന്‍.
ഞാന്‍ സദുദ്ദേശപരമായി മാത്രമേ ഉദ്യോഗസ്ഥരോട് സംസാരിക്കാറുള്ളൂ. ഞാനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം ഞാന്‍ കോടതിയില്‍ പറയും. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്’- പിപി ദിവ്യ പ്രതികരിച്ചു.