തീര്‍ത്ഥാടനകാലത്തിനായി എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പൂര്‍ണ്ണമായും നവീകരിച്ച സന്നിധാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശബരി ഗസ്റ്റ് ഹൗസിന്റെയും പമ്പയിലെ വിഗ്‌നേശ്വര ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 17 റൂമുകളാണ് എല്ലാ സൗകര്യങ്ങളോടും കൂടി നവീകരിച്ചത്. പഴയ ടൈലുകള്‍ മാറ്റിയതടക്കം ബാത്‌റൂം അടക്കമുള്ള സൗകര്യങ്ങള്‍ ഏറ്റവും പുതിയ നിലവാരത്തിലാണ് നവീകരിച്ചത്. 54 മുറികളുള്ള ഗസ്റ്റ്ഹൗസ് ആധുനിക സൗകര്യങ്ങളുമായാണ് പുനരുദ്ധരിച്ചിട്ടുള്ളത്. പുതിയ ഫര്‍ണിച്ചറുകള്‍ക്കൊപ്പം ഇലക്ട്രിക്കല്‍ വര്‍ക്കുകളും മികവുറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഗസ്റ്റ്ഹൗസാണ്. ഒരുപാട് വര്‍ഷങ്ങളായിട്ട് വേണ്ടത്ര രീതിയില്‍ ശ്രദ്ധ കൊടുക്കാതെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഗസ്റ്റ്ഹൗസ്. ഇപ്പോള്‍ ഒരു കോടി 70 ലക്ഷം മുടക്കിയാണ് പുനരുദ്ധരിച്ചതെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ശബരിമല മണ്ഡല തീര്‍ത്ഥാടനം കുറ്റമറ്റതാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈ കൊണ്ടിട്ടുണ്ട്. ശബരിമല സന്ദര്‍ശിക്കുകയും ഭക്തജനങ്ങള്‍ക്കായി ഒരുക്കിയ സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്തിയതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.

ഇത്തവണ വിപുലവും വിശാലവുമായ സാഹചര്യങ്ങള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ 8000 വാഹനങ്ങള്‍ക്കുണ്ടായിരുന്ന പാര്‍ക്കിംഗ് സൗകര്യം 10,000 ആക്കി വര്‍ധിപ്പിച്ചു. നിലയ്ക്കലില്‍ തന്നെ പതിനേഴായിരം ചതുരശ്ര അടി പന്തല്‍ നിര്‍മ്മിച്ച് 2700 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കിടത്തി ചികിത്സാ സൗകര്യങ്ങളോടുള്ള ആശുപത്രി പ്രവര്‍ത്തിച്ചുതുടങ്ങി. ഭക്തജനങ്ങള്‍ക്ക് വെള്ളം, ലഘുഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മരക്കൂട്ടത്ത് നിന്ന് കയറുമ്പോള്‍ വിശ്രമിക്കാനായി ആയിരം പേര്‍ക്കുള്ള സ്റ്റീല്‍ കസേര തയ്യാറാക്കുന്നുണ്ട്. കാനനപാതയില്‍ 132 കേന്ദ്രങ്ങളില്‍ വിശ്രമിക്കാനും കുടിവെള്ളം നല്‍കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് പരമാവധി ഭക്തര്‍ക്ക് വെയിലും മഴയും കൊള്ളാതെ നില്‍ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 40 ലക്ഷം അരവണ ടിന്നുകള്‍ ബഫര്‍ സ്റ്റോക്ക് ആക്കി സൂക്ഷിക്കാനും ദേവസ്വം ബോര്‍ഡ് ഇത്തവണ ശ്രദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.