Newsperseconds.com

ഗുരുവായൂര്‍ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനത്തില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ഭക്തജനങ്ങള്‍

Untitled 1

തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഭക്തര്‍ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദര്‍ശിക്കാനെത്തുക. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂര്‍ ഏകാദശി.ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്.ദശമിദിനമായ ഇന്നലെ പുലര്‍ച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കുക. പൂജകള്‍ക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക. ഒരു വര്‍ഷത്തെ എല്ലാ ഏകദശിയും അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ ഏകാദശിക്കാലത്തും ഗുരുവായൂര്‍ കണ്ണനെ കാണാനും ഏകാദശി അനുഷ്ഠിക്കാനുമായി എത്തുന്നത്.മൂന്നു ദിവസങ്ങളിലായി നീണ്ടുകിടക്കുന്ന ഗുരുവായൂര്‍ ഏകാദശി വൃശ്ചികത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയാണ്.

ഏകാദശികളില്‍ ഏറ്റവും പ്രധാനമാണ് ഗുരുവായൂര്‍ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. വിശ്വാസമനുസരിച്ച് വൃശ്ചിക ഏകാദശി ദിവസം മഹാവിഷ്ണുവിനോട് പ്രാര്‍ഥിച്ചാല്‍ വളരെയധികം ഫലങ്ങള്‍ ലഭിക്കുമെന്നാണ്. ഇതേ ദിവസം തന്നെ സര്‍വ്വ ദേവിദേവന്മാരും വിഷ്ണുവിനെ ദര്‍ശിക്കാന്‍ എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യമായ കാര്യം കൂടിയാണ്. ശ്രേഷ്ഠ വ്രതങ്ങളിലൊന്നായാണ് ഗുരുവായൂര്‍ ഏകാദശി വ്രതത്തെ വിശ്വാസികള്‍ കരുതുന്നത്. ആഹാരമൊന്നും കഴിക്കാതെയാണ് വിശ്വാസികള്‍ സാധാരണമായി ഏകാദശി വ്രതമെടുക്കുന്നത്. ശാരീരിക അസ്വസ്ഥതകളുള്ളവര്‍ അരിയാഹാരം മാത്രം ഒഴിവാക്കിയും വ്രതമെടുക്കുന്നു. ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഈ ലോകത്തില്‍ മാത്രമല്ല, മരണാനന്തര ലോകത്തിലും ഇതിന്റെ ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാമ്പത്തിക നേട്ടം, ഐശ്വര്യം, മനശ്ശാന്തി, രോഗശാന്തി തുടങ്ങിയ നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. വിഷ്ണു പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനായും വിശ്വാസികള്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്നു.

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു തിഥികള്‍ ചേരുന്നതാണ് ഗുരുവായൂര്‍ ഏകാദശി. ഇത്തവണ ഡിസംബര്‍ 10 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശനം ദ്വാദശി ദിവസമായ ഡിസംബര്‍ 12ന് രാവിലെ 8 മണി വരെ തുടരും. അതായത് തുടര്‍ച്ചയായി 54 മണിക്കൂര്‍ ദര്‍ശനമാണ് ഗുരുവായൂരില്‍ ഏകാദശിയോട് അനുബന്ധിച്ച് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സ്‌പെഷ്യല്‍ വിഐപി ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വരിനിന്നുള്ള ദര്‍ശനം വേഗത്തില്‍ സാധ്യമാവുകയും ചെയ്യും.

Share this Article

Leave a Comment