സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് ശേഷം കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കുമെന്ന് ആശങ്ക. കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമായി ധരിക്കാനും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലായതിനാലാണ് നിർദേശം.
ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്നാണ് കരുതുന്നത്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വളരെ വേഗം പടരുന്ന വകഭേദങ്ങളായ ഇവ ശ്വാസകോശത്തെയാണ് ബാധിക്കുക. ഇതിനോടകം ആശുപത്രികളിൽ ഓക്സിജൻ സംവിധാനം അടക്കം സജ്ജമാക്കിയിട്ടുണ്ട്. ഐസൊലേഷൻ ബെഡ് ഐസിയു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷനും നിർബന്ധമാക്കിയിട്ടുണ്ട്.