ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. നിങ്ങള്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യും, എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തയെ എങ്ങനെ തടയാനാവുമെന്ന് അദ്ദേഹം ചോദിച്ചു. അരവിന്ദ് കെജ്രിവാള്‍ ഒരു വ്യക്തിയല്ല, ഒരു ആശയമാണ്, ഞങ്ങള്‍ ഞങ്ങളുടെ നേതാവിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഭഗവന്ത് മാന്‍ പറഞ്ഞു.
അതേ സമയം കെജ്രിവാളിന്റെ അറസ്റ്റില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഡല്‍ഹി പോലീസിന്റെ ഉപദേശപ്രകാരം ഐടിഒ മെട്രോ സ്റ്റേഷന്‍ ഇന്ന് രാവിലെ 08:00 മുതല്‍ വൈകുന്നേരം 06:00 വരെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഐടിഒയില്‍ കനത്ത സുരക്ഷ വിന്യസിച്ചു. രാജ്യവ്യാപക പ്രതിഷേധമാണ് എഎപി പ്രഖ്യാപിച്ചത്.
അരവിന്ദ് കെജ്രിവാളിന്റെ വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തി. രാജ്യ തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ തുടരുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം ബിജെപി കടുപ്പിക്കുകയാണ്. രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം.