ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണനിരക്ക് 29 ആയി. 70ല്‍ അധികം പേര്‍ ചികിത്സയിലാണ്. അതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ സിബി-സിഐഡി അന്വേഷണം ആരംഭിക്കും. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. മരണം ഞെട്ടിച്ചെന്നും സംഭവം തടയാത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
കള്ളക്കുറിച്ചിയില്‍ മായം കലര്‍ന്ന മദ്യം കഴിച്ച് ആളുകള്‍ മരിച്ച വാര്‍ത്ത ഞെട്ടലുണ്ടാക്കി. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ അറിയിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. സമൂഹത്തെ തകര്‍ക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ അടിച്ചമര്‍ത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളവരും. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്.
ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. ഗോവിന്ദരാജ് എന്നയാളില്‍ നിന്നാണ് ദുരന്തത്തില്‍പ്പെട്ടവര്‍ മദ്യം വാങ്ങിക്കഴിച്ചത്. കസ്റ്റഡിയിലെടുത്ത ഗോവിന്ദരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അപകടത്തില്‍ കളക്ടറെ മാറ്റിയതിന് പിന്നാലെ പുതിയ കളക്ടര്‍ എം എസ് പ്രശാന്ത് ചുമതലയേല്‍ക്കും. ദുരന്തത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി.