ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിംകോടതിയുടെ നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയിൽ ഉണ്ടാകണമെന്ന് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. കേന്ദ്രസർക്കാർ, ഗവർണർ അടക്കം എല്ലാ എതിർ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കെട്ടിക്കിടക്കുന്ന 8 ബില്ലുകള്‍ പരിഗണിക്കുന്നതില്‍ അകാരണമായ കാലതാമസം വരുത്തി ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതലകളില്‍ വീഴ്ച വരുത്തിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സര്‍വകലാശാല നിയമ ഭേദഗതി, പൊതുജനാരോഗ്യ സംരക്ഷണ ബില്‍ തുടങ്ങിയ എട്ട് ബില്ലുകളില്‍ ഒപ്പിടാന്‍ രണ്ട് വര്‍ഷത്തോളം വൈകി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം സംസ്ഥാന നിയമസഭ പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്ത 8 ബില്ലുകളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തിലേറെയായി മൂന്ന് ബില്ലുകള്‍ ഗവര്‍ണറുടെ പക്കലുണ്ടെന്നും മറ്റ് മൂന്ന് ബില്ലുകള്‍ ഒരു വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്നുണ്ടെന്നും കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. എന്നാല്‍, ഈ അധികാരം നല്‍കുന്ന അനുച്ഛേദത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാവില്ല.
ഗവര്‍ണ്ണര്‍ എത്രയും വേഗം തീരുമാനമെടുക്കണം എന്നതില്‍ സമയപരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതാണ് സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഹര്‍ജി. ഗവര്‍ണ്ണര്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് സുപ്രിംകോടതി പരിഗണിക്കും.