ബര്‍ലിന്‍: 1990ല്‍ ഇറ്റലിയില്‍ അര്‍ജന്റീനയ്ക്കെതിരായ ഫൈനലില്‍ പെനാല്‍റ്റിയിലൂടെ ജര്‍മ്മനിക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ച ലോകകപ്പ് ജേതാവ് ആന്‍ഡ്രിയാസ് ബ്രെഹ്മെ അന്തരിച്ചു. 63 വയസ്സായിരുന്നു.
കൈസര്‍ലൗട്ടേണ്‍, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജര്‍മ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. ബുണ്ടസ്ലിഗയിലെയും യൂറോപ്പിലെയും ക്ലബ്ബുകളില്‍ നിന്ന് താരത്തിന് ആദരാഞ്ജലികളും അനുശോചനങ്ങളും അറിയിച്ചു.
ഇന്ററിനൊപ്പം സീരി എ ട്രോഫിയും യുവേഫ കപ്പും ഉയര്‍ത്തിയപ്പോള്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം ജര്‍മ്മന്‍ ലീഗ് കിരീടവും അദ്ദേഹം നേടി. 1990ലെ ലോകകപ്പില്‍ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാന്‍സ് ബെക്കന്‍ബോവര്‍ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.