വര്‍ണ്ണാഭമായ ചടങ്ങുകളോടെ 33-മാത് ഒളിമ്പിക്സിന് സമാപനം. ഇനി ലോസ് ആഞ്ചലസിനായി കാത്തിരിക്കാം. വീണ്ടും കാണാമെന്ന പ്രത്യാശയില്‍ അത്ലീറ്റുകള് പിരിഞ്ഞു. പാരിസിലെ സെന്‍ നദിക്ക് അഭിമുഖമായുള്ള സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ സംഗമിച്ചശേഷമായിരുന്നു മടക്കം. നൃത്തസംഗീത വിരുന്നൊരുക്കിയായിരുന്നു യാത്രാമൊഴി. ഉദ്ഘാടനത്തില്‍ അത്ലീറ്റുകളുടെ മാര്‍ച്ച്പാസ്റ്റ് സെന്‍ നദിയില്‍ ബോട്ടിലൂടെയായിരുന്നു. 80,000 പേര് സാക്ഷികളായ പരിപാടിയില്‍ ഉത്സവാന്തരീക്ഷമായിരുന്നു.
പതിനാറ് ദിവസം നീണ്ട കായിക മാമാങ്കത്തിന് തിരശ്ശീല വീണത് സ്റ്റേഡയത്തിലായിരുന്നു. ചാമ്പ്യന്മാരായ അമേരിക്കന്‍ ടീം ഉള്‍പ്പെടെയുള്ള അത്ലീറ്റുകള് ദേശീയപതാകയേന്തി സ്റ്റേഡിയത്തെ വലംവച്ചു. ഇന്ത്യന്‍ പതാകയുമായി മലയാളി ഹോക്കിതാരം പി ആര് ശ്രീജേഷും ഷൂട്ടിങ് ഇരട്ടമെഡല്‍ ജേത്രി മനു ഭാകറും എത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രാജ്യാന്തര ഒളിമ്പിക് സമിതി പ്രസിഡന്റ് തോമസ് ബാകും നേതൃത്വം നല്കി. നാല് സ്വര്‍ണം നേടിയ ഫ്രഞ്ച് നീന്തല്‍താരം ലിയോണ്‍ മര്‍ച്ചന്റാണ് ദീപം സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്.
അടുത്ത ഒളിമ്പിക്സ് വേദിയായ ലൊസ് ആഞ്ചലസ് മേയര്‍ കരന് ബാസ് പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍നിന്ന് ഒളിമ്പിക്സ് പതാക സ്വീകരിച്ചു. പിന്നാലെ ഹോളിവുഡ് താരം ടോം ക്രൂസ് അവതരിച്ചു. സ്റ്റേഡിയത്തിന് മുകളില്‍നിന്ന് ഊര്‍ന്നിറങ്ങിയ ക്രൂസ് കരന് ബാസില്‍നിന്ന് ഒളിമ്പിക് പതാകയേറ്റുവാങ്ങി. പിന്നാലെ ബൈക്കിലൂടെ സ്റ്റേഡിയം വിട്ടു. മൂന്നംതവണയാണ് അമേരിക്കന്‍ നഗരമായ ലൊസ് ആഞ്ചലസ് ഒളിമ്പിക്സിന് ആതിഥേയരാകുന്നത്. അടുത്ത ഒളിമ്പിക്സ 2028 ജൂലൈ 14 മുതല്‍ 30 വരെയാണ്. വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍ പാരിസിനോട് വിട പറഞ്ഞവര്‍ മടങ്ങി.