കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് ക്ലബ്. കേരള ബ്ലാസ്റ്റേഴ്‌സ്- മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ് മത്സരത്തിനിടെയാണ് അക്രമണമുണ്ടായത്. ആരാധകര്‍ ടീമിന്റെ ഭാഗമാണെന്നും അതിക്രമങ്ങള്‍ പാടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ ക്ലബ് ആശങ്ക പുലര്‍ത്തുന്നുവെന്നും സാഹചര്യം പൂര്‍ണമായി മനസിലാക്കുന്നതിനായി കൊല്‍ക്കത്തയിലെ അധികൃതരുമായും ഐഎസ്എല്‍ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.
മത്സരത്തിനെത്തുന്ന ആരാധകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നത് എല്ലാ ക്ലബ്ബിന്റേയും കടമയാണ്. ആരാധകരുടെ സുരക്ഷയെ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് ഫുട്‌ബോളില്‍ സ്ഥാനമില്ല. ജയത്തിലും പരാജയത്തിലും എല്ലാക്കാലവും ഞങ്ങളോടൊപ്പം നില്‍ക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.