Newsperseconds.com

റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

Untitled Design (25)

റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണ് തുക അനുവദിച്ചത്. നാളെ വൈകിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്‌ഭവനിൽ വിരുന്ന് ഒരുക്കിയിട്ടുള്ളത്. “അറ്റ് ഹോം’ എന്ന പേരിലാണു വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തേ സർക്കാരിനു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധിക ഫണ്ട് അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കിയത്. സർക്കാരുമായും മുഖ്യമന്ത്രിയുമായും ഗവർണർ കൊമ്പുകോർക്കുന്നതിനിടെയാണു വിരുന്നിനു പണം അനുവദിച്ചത്.

അതേസമയം. നിയമസഭാ സമ്മേലനം തുടങ്ങിയതിന് പിന്നാലെെ നാടകീയ രം​ഗങ്ങൾക്കാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ എ എൻ ഷംസീർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി സ്വീകരിച്ച വേളയില്‍പ്പോലും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്ത് നോക്കിയിരുന്നില്ല.

കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്റെ ജനങ്ങള്‍, എന്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസം​ഗത്തിന്റെ ആമുഖത്തിൽ നിന്ന് ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ചിരുന്നില്ല.

Share this Article

Leave a Comment